ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം. “ഭൂമിയെ രക്ഷിക്കുക” എന്ന് നമ്മൾ എല്ലാ വർഷവും പറയുന്നു. പക്ഷേ യഥാർത്ഥത്തിൽ ഭൂമിക്ക് നമ്മെ ആവശ്യമില്ല. നമുക്കാണ് ഈ ഭൂമി ആവശ്യം. മരങ്ങൾ വെട്ടുമ്പോൾ, പുഴകൾ മലിനമാക്കുമ്പോൾ, പ്ലാസ്റ്റിക് വലിച്ചെറിയുമ്പോൾ നമ്മൾ നമ്മുടെ തന്നെ ശ്വാസമാണ് മുട്ടിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ഉണ്ടായ പ്രളയവും ഉരുൾപൊട്ടലും പ്രകൃതിയുടെ താക്കീതായിരുന്നു. ഇനിയും നമ്മൾ കണ്ണുതുറന്നില്ലെങ്കിൽ, നമ്മുടെ മക്കൾക്ക് ശുദ്ധജലമോ, ശുദ്ധവായുവോ ബാക്കി ഉണ്ടാവില്ല.ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം “പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗ്, കുപ്പി, സ്ട്രോ എന്നിവ ഒഴിവാക്കി നമുക്ക് തുടങ്ങാം. വീട്ടിൽ ഒരു തൈ നടാം. മഴവെള്ളം സംഭരിക്കാം. വൈദ്യുതി പാഴാക്കാതിരിക്കാം. പ്രകൃതിയെ സംരക്ഷിച്ചാലേ നമ്മുടെ നിലനിൽപ്പ് സാധ്യമാകൂ.
ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതിജ്ഞ എടുക്കാം – “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം”. നമ്മുടെ കുഞ്ഞുങ്ങൾക്ക് ശുദ്ധമായ വെള്ളവും വായുവും മണ്ണും ബാക്കിവെക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.